2009, സെപ്റ്റംബര്‍ 9, ബുധനാഴ്ച

മാധ്യമ ‘ഇന്‍‌വെസ്റ്റിഗേഷന്‍’


തലസ്ഥാനം അടക്കിവാഴുന്ന, സംസ്ഥാന - അന്തര്‍സംസ്ഥാന - അന്തര്‍‌ദ്ദേശീയ ബന്ധമുള്ള രണ്ട് ഗുണ്ടാസംഘങ്ങളുടെ തലവന്മാര്‍ നിയമത്തിന് കീഴടങ്ങുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏറെ അഭിമാനിക്കാനുണ്ട്. പൊലീസിലെ ക്രിമിനലുകളും ഇടതുപാര്‍ട്ടിയിലെ മാഫിയാബന്ധം ഉള്ള നേതാക്കളും കിണഞ്ഞുപരിശ്രമിച്ചിട്ടും മാധ്യമങ്ങളുടെ ‘ഇടപെടല്‍’ ഒന്നുകൊണ്ട് മാത്രമാണ് ഓം‌പ്രകാശും പുത്തന്‍പാലം രാജേഷും തിരുനെല്‍‌വേലി പാളയങ്കോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ഇന്റര്‍‌നെറ്റ് മാധ്യമങ്ങളും ഒരുപോലെ കൈകോര്‍ത്ത സന്ദര്‍ഭമായിരുന്നു മുത്തൂറ്റ് പോള്‍ കേസ്. ‘മാധ്യമസിന്‍‌ഡിക്കേറ്റ്’ എന്ന് പിണറായി വിജയന്‍ വിളിച്ച് കളിയാക്കിയ മാധ്യമങ്ങളുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ഞെട്ടിച്ച മുത്തൂറ്റ് പോള്‍ വധക്കെസിന്റെ ചുരുള്‍ നിവരുന്നത്.മദ്യലഹരിയിലായ ചില സാമൂഹ്യവിരുദ്ധര്‍ പെട്ടെന്നുള്ള ദ്വേഷ്യത്താല്‍ മുത്തൂറ്റ് പോളിനെ കുത്തിക്കൊന്നു എന്ന് ഐജി വിന്‍സന്‍ പോള്‍ ചര്‍ദ്ദിച്ചത് മാധ്യമങ്ങള്‍ വിഴുങ്ങിയില്ല എന്ന് മാത്രമല്ല പിറ്റേ ദിവസം മുതല്‍ അവരുടെ രീതിയിലുള്ള ‘ഇന്‍‌വെസ്റ്റിഗേഷന്‍’ ആരംഭിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ കേസ് അന്വേഷിക്കേണ്ട എന്ന് സി‌പി‌എം ജനറല്‍ സെക്രട്ടറി പിണറായി വിജയനും സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പറഞ്ഞെങ്കിലും ‘മാധ്യമങ്ങള്‍ പറയുന്നതും ജനങ്ങള്‍ കേള്‍ക്കട്ടെ’ എന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. മാധ്യമങ്ങളുടെ ‘ഇന്‍‌വെസ്റ്റിഗേഷ’ന് വി‌എസിന്റെ പിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം.കേസിന്റെ ദുരൂഹതകള്‍ ഓരോന്നായി മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ തുടങ്ങിയപ്പോഴാണ് കോണ്‍‌ഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ സടകുടഞ്ഞെഴുന്നേറ്റത്. കേസിന്റെ ദുരൂഹതകളില്‍ മന്ത്രിപുത്രന്മാര്‍ക്കുള്ള പങ്കിനെ പറ്റി മാധ്യമങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ ‘മുത്തൂറ്റ് പോള്‍ വധവുമായി എന്റെ മക്കള്‍ക്ക് ബന്ധമില്ല’ എന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞ് അപഹാസ്യനാകേണ്ടി വന്നു സംസ്ഥാന ആഭ്യന്തരമന്ത്രിക്ക്.പോളിനെ വധിച്ചത് കാരി സതീശാണെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോഴേക്കും ‘ആര്‍ എസ് എസുകാരാണ് പോളിനെ വധിച്ചതെന്നും കത്തിയുടെ ആകൃതി എസ് എന്നാണ്’ എന്നുമാണ് പിണറായി വിജയന്‍ ഏറുപടക്കം എറിഞ്ഞത്. എന്നാല്‍ കത്തിയുണ്ടാക്കിച്ചത് പൊലീസുകാര്‍ തന്നെയാണെന്ന ഏഷ്യാനെറ്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് മുന്നില്‍ പിണറായിയുടെ പടക്കം നനഞ്ഞതിനാല്‍ കത്തുകപോലും ഉണ്ടായില്ല! അതിനിടെ, താന്‍ പോളിനെ കാണുകപോലും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ വഴി കാരി സതീഷ് പറഞ്ഞതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.മന്ത്രിപുത്രന്മാരുടെ ‘കളികളെ’ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ ചൂഴ്ന്നുതുടങ്ങിയതോടെ ‘കളി കൈവിട്ടുപോയി’ എന്ന് ചിലര്‍ക്ക് മനസിലാകുകയും ഗുണ്ടാത്തലവന്മാരെ ‘നാടകീയമായി’ പാളയങ്കോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുകയുമായിരുന്നു. ഇനിയും വൈകിച്ചാല്‍ ‘നാറും’ എന്ന് ആര്‍ക്കൊക്കെയോ തോന്നിയെന്ന് വ്യക്തം. ഇതിനുപുറമെ, മാധ്യമങ്ങളില്‍ വന്ന വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ 2004-ലെ വധശ്രമക്കേസിലാണ് ഓംപ്രകാശും പുത്തന്‍പാലം രാജേഷും കീഴടങ്ങിയിരിക്കുന്നത്. ഇതും ഒരു കളിയാണെന്ന് മാധ്യമങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. പൊലീസിലെ ക്രിമനലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവസാനമായി പറഞ്ഞത്. നല്ലതുതന്നെ. എന്നാല്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും മുത്തൂറ്റ് പോള്‍ വധക്കേസില്‍ ‘പ്രതികളാണോ സാക്ഷികളാണോ’ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന ഡിജിപി ജേക്കബ് പുന്നൂസിന്റെ പ്രസ്താവന മറ്റൊരു നാടകത്തിനുള്ള കര്‍ട്ടന്‍ ഉയര്‍ത്തലാണ്.സാഹചര്യത്തെളിവുകളും കാരി സതീഷിന്റെയും പിടിയിലായ മറ്റ് പ്രതികളുടെയും മൊഴിയനുസരിച്ച് ഓം‌പ്രകാശും പുത്തന്‍പാലം രാജേഷുമാണ് മുത്തൂറ്റ് പോള്‍ വധത്തിന്റെ ‘അണിയറക്കാര്‍’ എന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കുന്നു. എന്നിട്ടും ഡിജിപി ജേക്കബ് പുന്നൂസിന് ഇവര്‍ ‘പ്രതികളാണോ സാക്ഷികളാണോ’ എന്ന് സംശയം. ഇത് ഓടുന്ന നായയ്ക്ക് ഒരുമുഴം മുമ്പേ എറിയുന്ന ‘കളി’യാണോ എന്ന് മാധ്യമങ്ങള്‍ അടുത്തുതന്നെ ജനങ്ങളെ അറിയിക്കും.

(പ്രതികളെ ‘പുകച്ച് പുറത്തുചാടിച്ച’ മാധ്യമങ്ങള്‍!. ജോണ്‍ കെ ഏലിയാസ് - വെബ്‌ദുനിയ)

2009, സെപ്റ്റംബര്‍ 5, ശനിയാഴ്ച

ചാലക്കുടിക്കാര്‍ നാണം‌കെട്ടു!


ഉത്സവാവസരങ്ങളിലെ മദ്യപാനത്തില്‍ ചാലക്കുടിക്കാരോട് മുട്ടാന്‍ മറ്റാരും കേരളത്തിലില്ലെന്നാണ് അനുഭവം. എന്നാല്‍ ചാലക്കുടിക്കാരുടെ അഹങ്കാരത്തിന് ഈ തിരുവോണനാളില്‍ തിരിച്ചടി കിട്ടി. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ തിരുവോണ ദിവസ വില്‍‌പനയുടെ കണക്ക് പുറത്തുവന്നപ്പോള്‍ ചാലക്കുടിക്കാരെ പിന്തള്ളിക്കൊണ്ട് കരുനാഗപ്പള്ളിക്കാര്‍ ഒന്നാം സ്ഥാനത്തെത്തി.തിരുവോണ ദിവസം കരുനാഗപ്പള്ളിയിലെ വില്‍പന 15.98 ലക്ഷം രൂപയായിരുന്നു.ചാലക്കുടിക്കാര്‍ പിന്നാലെത്തന്നെ ഉണ്ടായിരുന്നുവെങ്കിലും ഒരുലക്ഷം രൂപാ കുറവിനേ കുടിക്കാനായുള്ളൂ. ചാലക്കുടിക്കാര്‍ വാങ്ങിയത് 14.98 ലക്ഷം രൂപയുടെ മദ്യമാണ്‌.തിരുവോണം ഉള്‍പ്പെടുന്ന ഏഴ്‌ ദിവസം മലയാളി വാങ്ങിയത്‌ 154.40 കോടി രൂപയുടെ വിദേശമദ്യം. ഉത്രാടനാളില്‍ മദ്യവില്‍പ്പനശാലകള്‍ക്ക്‌ അവധിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 126.07 കോടിയുടെ മദ്യമാണ്‌ വിറ്റത്‌. ഈ വര്‍ഷം 41.53 ശതമാനം വര്‍ധന. തിരുവോണനാളില്‍ 22.08 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം 15.60 കോടിയുടെ മദ്യമാണ്‌ കോര്‍പറേഷന്‍ വിറ്റത്‌. ഈ വര്‍ഷം 39.70 ശതമാനം വര്‍ധന. കസ്യൂമര്‍ഫെഡിന്റെ വില്‍പ്പനശാലകളിലും ബാറുകളിലും വിറ്റഴിച്ച വിദേശമദ്യത്തിന്റെ അളവ്‌ ലഭ്യമായിട്ടില്ല. കള്ളുഷാപ്പുകളിലെ വില്‍പ്പനകൂടി ചേര്‍ത്താലെ ഓണക്കാലത്ത്‌ മലയാളി മദ്യത്തിനായി ചെലവഴിച്ച ആകെതുക കണക്കാക്കാനാകൂ.കേരളത്തിലിപ്പോള്‍ തണുത്ത കാലാവസ്ഥയായത് കൊണ്ടാവണം റമ്മിനായിരുന്നു ആവശ്യക്കാര്‍ ഏറെ. വിറ്റുവരവിന്റെ 60 ശതമാനവും റമ്മില്‍ നിന്നായിരുന്നു. ബ്രാന്‍ഡിയുടെ വില്‍പ്പന 32 ശതമാനവും വിസ്കിയും ബിയറും വോഡ്കയും വൈനും ജിന്നും ഉള്‍പ്പെടെയുള്ള മദ്യ ബ്രാന്‍ഡുകളുടെ വില്‍പ്പന എട്ട്‌ ശതമാനവുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം മദ്യത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും വില്‍പ്പന കുറഞ്ഞില്ലെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന്‌ ബിവറേജസ്‌ കോര്‍പറേഷന്‍ എംഡി ശങ്കര്‍ റെഡ്ഢി പറഞ്ഞു. വ്യാജമദ്യത്തിന്റെ ഒഴുക്ക്‌ കര്‍ശനമായി തടയാനായതും അധികൃത മദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിച്ചു. പൂരാടം, ഉത്രാടം ദിവസങ്ങളിലായി കസ്യൂമര്‍ഫെഡ്‌ 10 കോടിരൂപയുടെ മദ്യം വിറ്റു.ഏറ്റവുമധികം മദ്യപിക്കുന്നവര്‍ എന്ന കിരീടം അത്രപെട്ടെന്ന് വച്ചൊഴിയാന്‍ ചാലക്കുടിക്കാര്‍ തയ്യാറല്ല. ഉത്രാടത്തലേന്ന് ‘കരുതല്‍ മദ്യം’ വാങ്ങുന്നതില്‍ ഒന്നാം സ്ഥാനം വന്നവര്‍ തിരുവോണത്തിന് പിന്നിലാകുന്നത് എങ്ങനെയെന്നാണ് ചാലക്കുടിക്കാരുടെ ചോദ്യം. ബാറുകളിലും കള്ളുഷാപ്പുകളിലും വിറ്റ മദ്യത്തിന്റെ കണക്ക് കൂടി പുറത്തുവരട്ടെ, അപ്പോളറിയാം ആര്‍ക്കാണ് ഒന്നാം‌സ്ഥാനമെന്നാണ് ചാലക്കുടിക്കാര്‍ ആശ്വസിക്കുന്നത്.


(മദ്യവില്‍പ്പന; ചാലക്കുടിക്കാര്‍ നാണം‌കെട്ടു!. വികെ പ്രജില്‍- വെബ്ദുനിയ)


2009, സെപ്റ്റംബര്‍ 3, വ്യാഴാഴ്ച

വൈ എസ് രാജശേഖര റെഡ്ഡിയുടെ അവസാന വാക്കുകള്‍


ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ അകാലത്തിലുള്ള മരണം കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ ജനകീയ മുഖമാണ് നഷ്ടമായിരിക്കുന്നത്. ആന്ധ്രയില്‍ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാതൃകയാക്കാവുന്ന നേതാവാണ് വൈ എസ് ആര്‍ എന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. നിലവില്‍ ആന്ധ്ര ധനകാര്യമന്ത്രിയായ കെ റോസയ്യ താല്‍ക്കാലിക മുഖ്യമന്ത്രിയായി ഉടന്‍ ചുമതലയേല്‍ക്കും. കോണ്‍ഗ്രസിന്‍റെ കോര്‍ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.ആന്ധ്രയില്‍ കോണ്‍ഗ്രസിന്‍റെ വന്‍ തിരിച്ചു വരവിന് നേതൃത്വം നല്‍കിയ വൈ എസ് ആര്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ചന്ദ്രബാബു നായിഡുവിന്‍റെ നഗരകേന്ദ്രീകൃത ഭരണത്തില്‍ നിന്ന് ഗ്രാമകേന്ദ്രീകൃത ഭരണത്തിലേക്ക് ആന്ധ്രയെ നയിച്ചത് വൈ എസ് ആര്‍ ആയിരുന്നു.രാജശേഖരറെഡ്ഡിയുടെ അവസാന വാക്കുകള്‍ ശ്രദ്ധിക്കുക - “ഞാന്‍ ഗ്രാമങ്ങളില്‍ മിന്നല്‍ സന്ദര്‍ശനങ്ങള്‍ നടത്തും. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ഗ്രാമങ്ങളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കുകയാണ് ലക്‍ഷ്യം. ഒരു മാസം മൂന്ന് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്”. ഹെലികോപ്ടറില്‍ ചിറ്റൂരിലേക്ക് തിരിക്കുന്നതിന് മുമ്പാണ് വൈ എസ് ആര്‍ ഇങ്ങനെ പറഞ്ഞത്.